ചെമ്പകം





ചെമ്പകം 


നഗരത്തിലെ തിക്കും തിരക്കും ഒഴിവായപ്പേൾ തന്നെ മനസ്സിനു പകുതി ആശ്വാസമായി. ഓഫിസിൽ നിന്നും ഇങ്ങോട്ട് മാറ്റിയപ്പോൾ വലിയ വിഷമം ആയിരുന്നു... വർഷങ്ങൾ ആയി ജീവിച്ച രീതി പെട്ടെന്ന് മാറുബോൾ ഏതൊരാൾക്കും ഉണ്ടാകുന്ന ഒരു ‘ ഇത് 'ഇല്ലേ, അത് എനിക്കും ഉണ്ടായിരുന്നു .കമ്പനിയുടെ പുതിയ ഒരു വർക്കിനെ പറ്റി പഠിക്കാൻ അയച്ചതാണിവിടെ.. പഴയ കാല നാലുകെട്ട് വീടുകളുടെ ഒരു ഡിസൈനും അതിന്റെ നിർമാണ രീതിയെ കുറിച്ചും ഒരു പഠനം. എത്ര തന്നെ സാങ്കേതിക വിദ്യ വളർന്നാലും ആ പഴമയുടെ സുഖം ,ഭംഗി, അതൊന്നും ഇപ്പഴും കിട്ടുന്നില്ല. അതിനാൽ പഴമയിൽ ഇറങ്ങിച്ചെന്ന് ഒരു പഠനത്തിനു കമ്പനി നിർദേശിച്ചു….നഗരത്തിനു നടുവിൽ പരിഷ്കൃത ജനത പഴയ ഓർമ പുതിയ രീതിയിൽ മെനഞ്ചെടുക്കുന്നു.. എല്ലാം ഒരു തരം കച്ചവട കണ്ണ് തന്നെ, അല്ലാതെ അതിനു പിന്നിൽ വേറെ ഒന്നുമില്ല..


നഗരത്തിൽ നിന്നും മാറി വലിയ അകലത്തിൽ അല്ലാത്ത ഒരിടം.. നഗരവുമായി ബന്ധിപ്പിക്കാൻ മണിക്കൂറിനു ഒരു ബസ്സ്.. നാലും കൂടിയ കവല.. പഴയ കാലത്തേ ഓർമിപ്പിക്കും വിധം ഓടുമേഞ്ഞപീടിക ഇരുനില മുറികളും, മരത്തിന്റെ വാതിലുകളും,...പീടിക മുറികൾ എല്ലാം ഒറ്റനിരപ്പിൽ, ചായക്കട, പലചരക്ക് കട, പോസ്റ്റാഫീസ്, മുടിവെട്ടുകട അങ്ങനെ അങ്ങനെ... മുകളിൽ വായനശാല, രണ്ടു മുറികൾ, ഒന്ന് എനിക്കുള്ള മുറിയാണ്, വെറെ ഒന്നു പൂട്ടിയിട്ടിരിക്കുന്നു .. റോഡിലേക്ക് നോക്കുകയാണെങ്കിൽ ബസ്സ് സ്റ്റോപ്പ്, അതിനു പിന്നിൽ പാർട്ടി ഓഫീസ്, തയ്യൽ കട,അങ്ങനെ…. വൈകുന്നേരങ്ങളും പുലർച്ചയും മാത്രം ആണ് അവിടെ തിരക്ക് അനുഭവപ്പെടാറുളൂ... കൂടുതൽ ആളുകളും കൂലിപ്പണിക്കാർ. വൈകുന്നേരങ്ങളിൽ വായനശാലയിലെ കോളാമ്പിയിൽ നിന്നും വാർത്താ, ചലച്ചിത്ര ഗാനങ്ങൾ, കാർഷിക വാർത്തകൾ, എന്നിവ ഒഴുകിയെത്തും. തികച്ചും ഗ്രാമീണശാലിനിമാരായ പെൺകുട്ടികളും. രാവിലെ പെൺതരികളുടെ തിരക്കാണ് ബസ്സ് സ്റ്റോപ്പിൽ, കൂടുതലും വിദ്യാർത്ഥിനികൾ ,പിന്നെ പണിക്കാരും .ആ നാട്ടിലെ പുതിയ ആളായതിനാൽ എല്ലാവർക്കും എന്നോട് പ്രത്യേക ഒരു സ്നേഹം ഉണ്ടെന്ന് പറയാതെ വയ്യ. രാവിലെ ചായ കുടിക്കാൻ കണ്ടില്ലെങ്കിൽ ആരേങ്കിലും വിട്ട് ചായ കുടിക്കാൻ വിളിപ്പിക്കും. വന്ന് മൂന്ന് ദിവസമേ ആയുള്ളൂ എങ്കിലും ഞാൻ അവരിൽ ഒരാളായി മാറിയിരിക്കുന്നു. വായനശാലയിലെ സ്ഥിരം സന്ദർശകനായ ആ നാട്ടിലെ മറ്റൊരു കുടിയേറ്റക്കാരൻ .രാജൻ മാസ്റ്റർ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ഇവിടത്തെ സ്കൂളിൽ അധ്യാപകൻ ആണ്.

ഈ നാട്ടിലെ കാര്യങ്ങൾ പറഞ്ഞു തരുന്ന, പഴയ തറവാടുകളും പഴയ ആൾക്കാരെയും എനിക്ക് പരിചയപ്പെടുത്തുന്ന എന്റെ കൂട്ടുകാരൻ, സഹായി… അങ്ങനെ ഒക്കെ വിളിക്കാം.


അങ്ങനെ മാസ്റ്ററുടെ ബൈക്കിനു പിറകിൽ നാട്ടുവഴികളിലൂടെ ഒരു ദിവസം കറങ്ങുബോൾ ഒരു പ്രദേശത്ത് ചെമ്പകപ്പൂ മണം. അറിയാതെ മൂക്ക് വട്ടം പിടിച്ച് മണത്തു പോകും. ‘

“ഇതെന്താ ഇവിടെ ഇങ്ങനെ പൂമണം.? പൂ കൃഷി വല്ലതും ഉണ്ടോ ഇവിടെ അടുത്ത് ?“ഞാൻ ചോദിച്ചു.

“അത് രാമേട്ടന്റെ വീട്ടിൽന്നാ ... പൂ കൃഷി ഒന്നും അല്ല, വീട്ടിലെ പൂന്തോട്ടത്തിൽ നിന്നാണ്. ആൾ ഭയങ്കര ചൂടനാ. ഒരു പൂ പോലും ഒരാൾക്ക് കൊടുക്കില്ല. സ്കൂളിലെ ഓണാഘോഷ പരുപാടിക്ക് കുറച്ച് പൂ ചോദിച്ച് ചെന്നപ്പോ കേട്ടത് ഇപ്പഴും മറക്കാൻ പറ്റില്ല " മാസ്റ്റർ ദേഷ്യത്തിലാണ് അത് പറഞ്ഞത്..

“അപ്പോ മാഷിന് അങ്ങേർടെ മക്കളോട് പറയാർന്നില്ലേ…..?അവരു കൊട്ന്ന് തരില്ലേ.?” ഞാൻ ആശ്വസിപ്പിക്കാൻ എന്നോളം പറഞ്ഞു.

"അതിന അങ്ങേറ്ക്ക് പെണ്ണും പേടക്കാഴിയും ഒന്നും ഇല്ല.” മാഷ് ബൈക്ക് റൈഡിങ്ങിന്റെ ശ്രദ്ധ കൈവിടാതെ പറഞ്ഞു.

പിന്നീട് ആ വഴി പല തവണ പോകുമ്പോഴും പൂവിനായി പല പെൺകൊടികളും കാത്തു നിൽക്കുന്നത് കണ്ടിട്ടുണ്ട്. ആൺതരികൾ പലരും മതിലു ചാടി പൂ പറിച്ചു ഓടുന്നതും ...അതിനെല്ലാം കാവൽക്കാരൻ എന്നോളം രാവിലെയും വൈകീട്ടും രാമേട്ടൻ ഗേയ്റ്റിനു പുറത്ത് കാവൽ നിൽക്കാറുണ്ട്. ആ ഗ്രാമത്തിലെ ഒരു വിധം എല്ലാവരേയും പരിചയപ്പെട്ടാലും രാമേട്ടനെ മാത്രം പരിചയപ്പെടാൻ കഴിഞ്ഞില്ല.. അറുപത് വയസ്സ് പ്രായം തോന്നുന്ന ഇര നിറമുള്ള ആറടി ഉയരമുള്ള കരുത്തുറ്റ ശരീരത്തിന് ഉടമ ..ആളുകളുമായി സംസാരം വളരെ കുറവായിരുന്നു അയാൾക്ക്.


ആ നാട്ടിലെ പണികൾക്ക് വിരാമമിട്ട് പോകുന്ന ദിവസം രാമേട്ടന്റെ വീട്ടിൽ കയറി.ഉയർന്നു നിൽക്കുന്ന ആ മതിലിനുമപ്പുറം ഒരു ലോകം തന്നെ അയാൾ ഉണ്ടാക്കായിട്ടുണ്ടെന് അന്നാണ് എനിക്ക് മനസ്സിലായത്, ആ പഴയ വീടിനു ചുറ്റും ഒരു പൂക്കൾ കൊണ്ടും പുമ്പാറ്റകൾ കൊണ്ടും ഒരു ലോകം…

“ആരാ? എന്താ വേണ്ടേ?” ഒരു കനത്ത ശബ്ദത്തോടെ രാമേട്ടൻ കടന്നു വന്നു.

"ഞാൻ….. ഇവിടെ …. പുതുതായി... " ശബ്ദം തൊണ്ടയിൽ കുടുങ്ങി ഉടക്കി.

“എന്താ കാര്യം…. വേഗം പറയാ.” രാമേട്ടൻ ധൃതി കൂട്ടി.

“ഞാൻ കുറച്ചു കാലം ഈ നാട്ടിൽ ഉണ്ടാർന്നു, ഒരു ജോലി കാര്യത്തിന് വേണ്ടി, ജോലി കഴിഞ്ഞ് ഇന്ന് തിരിച്ചു പോകാണ്,അപ്പോ കുറച്ച് പൂക്കൾ കൊണ്ട് പോകാം എന്ന് കരുതി…. “ഞാൻ പറഞ്ഞു.

"ഇല്ല, പൂക്കൾ ഒന്നും കൊടുക്കുന്നില്ല.” ആ ശബ്ദം ഒന്നുകൂടി കനത്തു..

“നല്ല വില തരാം…. ഇത്രയും നല്ല പൂക്കൾ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല _ _” പറഞ്ഞു മുഴുമിക്കാൻ കഴിഞ്ഞില്ല അതിന് മുൻപ് കടിച്ചുകീറാൻ വരുകയായിരുന്നു രാമേട്ടൻ.

“ഹ്മം…. ഇപ്പോ എറങ്ങിക്കോണം ഇവിടന്ന്. നല്ല വില തരാം പോലും…. “ എന്നും പറഞ്ഞ് പുറത്തേക്ക് കൈ ചൂണ്ടി നിന്നു.

“തെറ്റിദ്ധരിക്കരുത്.. എനിക്കിഷ്ടമുള്ള ഒരാൾക്ക് നൽകാൻ ഇതിനും നല്ലൊരു സമ്മാനം ഈ ഗ്രാമത്തിൽ ഇല്ല... ക്ഷമിക്കണം." എന്നും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു.

കുറച്ചു നടന്നപ്പോൾ "നിൽക്ക് …." എന്ന ആജ്ഞ കേട്ടു .

”അകത്തിരുന്ന് സംസാരിക്കാം. വരൂ....” വളരെ സാധുവായി ആ മനുഷ്യൻ മാറുന്നത് ഞാൻ അറിഞ്ഞു. ഞൊടിയിടയിലെ ആ മാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.. കുറച്ചു നേരത്തെ നിശബ്ദതക്കൊടുവിൽ '’പൂക്കൾ പറിക്കാൻ പോകാം..” എന്ന വാക്ക് അയാളിൽ ഉത്സാഹം നിറച്ചു.വളരെ സന്തോഷത്തോടെയും അതീവ സൂക്ഷ്മതയോടെയും നല്ല പൂക്കൾ മാത്രം നോക്കി അയാൾ എടുത്ത് തന്നു.

"എത്ര കാലം ആയി പൂക്കൾ ഇങ്ങനെ വളർത്താൻ തുടങ്ങിയിട്ട്?” എന്ന എന്റെ ചോദ്യത്തിന് നിശബ്ദത ആയിരുന്നു മറുപടി.

കുറച്ചു നേരം പൂക്കൾ എറുത്ത ശേഷം അതെന്റെ കയ്യിൽ തന്നു പറഞ്ഞു "ഇതൊന്നും ഞാൻ എനിക്കായി വളർത്തിയില്ല, ഇതിന്റെയെല്ലാം ഉടമസ്ഥ വരും, അവൾക്കായാണ് ഞാൻ കാത്തിരിക്കുന്നത് “

“ആര് ? അവരു എവിടെയാണ്? എന്നു വരും?“.. ഒരു കൂട്ടം ചോദ്യങ്ങൾ അയാൾക്ക് എറിഞ്ഞു കൊടുത്തു.ചെറിയ പുഞ്ചിരിയോടെ അയാൾ ദൂരേക്ക് നോക്കി.അവിടെ ഒരു ചെമ്പക മരം നിൽക്കുന്നു.

"നീ ആ ചെമ്പക മരം കണ്ടോ?, അന്ന് ഈ പറമ്പിൽ ആ ഒരു മരം മാത്രമേ ഉണ്ടാർന്നുള്ളൂ. എന്റെ ഇരുപതാം വയസ്സിലാണ് അത് പൂത്തത്, മനോഹരമായ മണം നൽകി അതിൽ ചെമ്പകം വിരിഞ്ഞത്, എന്നും വഴിയിലൂടെ ഒരു പെൺകുട്ടി ആ മരത്തിലേക്ക് നോക്കി പോകുമായിരുന്നു. ഒരിക്കൽ എന്നോട് ഒരു പൂ ചോദിച്ചു, ഞാൻ കൊടുത്തു, പിന്നീടത് പതിവായി, ഒരു പൂവിന് പകരമായി ഒരു പുഞ്ചിരി തന്ന് അവൾ എന്നും പോകും. അവളുടെ വരവിനായ് ഞാൻ കാത്തിരിക്കുക പതിവായി. പ്രണയത്തിനു വഴി തുറന്ന നാളുകൾ ......

നീണ്ട മുടിയിഴകൾ, മാൻപേടയുടെ കണ്ണുകൾ, നെറ്റിയിലെ ചന്ദനക്കുറിയും അതിന് താഴെ കുങ്കുമക്കുറിയും, ചിരിക്കുബോൾ കാണുന്ന മുത്തു പല്ലുകൾ, കഴുത്തിലെ കാക്കാ പുള്ളി, എല്ലാം അവൾക്ക് സൗന്ദര്യം കൂട്ടിയതേ ഉള്ളൂ. നാളുകൾ കൊഴിഞ്ഞു പോയ്…

ഋതു മാറി, ചെമ്പക മരം ഉണങ്ങി... പൂക്കൾ കൊഴിഞ്ഞു..അവളെ വരവേൽക്കാൻ വെറും കൈകൾ മാത്രമായ്., അവൾക്കതിൽ പരിഭവമില്ലായിരുന്നു. പൂക്കൾ ഇല്ലാത്ത അവളുടെ നീണ്ട മുടിയിഴകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു. പിന്നീട് എപ്പഴോ അവൾക്കായി കാത്തിരിക്കണം എന്ന് പറഞ്ഞ് അവൾ പോയി………. കഴിഞ്ഞ നാൽപത് വർഷമായി അവൾക്കായി ഈ പൂന്തോട്ടം നിറയെ പൂക്കളായി ഞാൻ കാത്തിരിക്കുകയാണ്, അവൾ വരാറുള്ള വഴിയിലേക്ക് നോക്കി… “ രാമേട്ടൻ എന്ന ഒന്നു നോക്കി,

പിന്നീട് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല, പൂക്കൾ ആവശ്യം ഉണ്ടായിട്ടല്ല അയാളുമായി ഒന്നു സംസാരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ... കാറിൽ കയറി ഡോർ അടച്ച ശേഷം ഞാൻ ചോദിച്ചു

“ ആരു വന്നു ചോദിച്ചിട്ടും കൊടുക്കാത്ത പൂക്കൾ എന്തെ എനിക്ക് തന്നു ".

അതിന് ചെറിയ ഒരു പുഞ്ചിരി നൽകി അദ്ദേഹം പറഞ്ഞു

“ ഇതു വരെ വന്നവരാരും സ്നേഹിക്കുന്നവർക്ക് വേണ്ടി വന്നവരല്ല ".

കാർ പതിയെ ചലിച്ചു തുടങ്ങി, കണ്ണാടിയിലൂടെ ആ പെൺകുട്ടിയെ കാത്ത് നിൽക്കുന്ന രാമേട്ടനെയും സ്നേഹത്തിന് വേണ്ടി എത്ര വർഷം വേണമെങ്കിലും കാത്തു നിൽക്കാം എന്നു എന്നെ പഠിപ്പിച്ച വ്യക്തിയെയും ഞാൻ കണ്ടു.

എന്റെ കയ്യിലെ കൂടയിലെ പൂക്കൾ ഒന്നു മണത്തു നോക്കി അതിലെ പൂക്കൾക്കെല്ലാം ഒരേ സുഗന്ധം ആയിരുന്നു’

“ സ്നേഹത്തിന്റെ സുഗന്ധം “

Comments

Post a Comment

Popular Posts