പ്രതീക്ഷയുടെ സായാഹ്‌നം..
ഇടവഴിയിലൊരു ചെമ്പകം..
കണ്ണിൽ
കാത്തു നിൽപ്പിന്റെ വേരുകൾ..

അവളുടെയൊരു
ചുവന്ന പൊട്ടിന്റെ കാഴ്ചയിൽ
എന്റെ കരളിൽ സൂര്യനുദിക്കുന്നു.
അവളുടെ ഗന്ധം പേറി വരുന്ന കാറ്റിൽ
കരളിൽ തിരമാലകളടിക്കുന്നു.

മിസ്കാളിലായിരുന്നു
കാതിലെ ആദ്യ സ്പർശം..
മെസ്സേജുകളിൽ
ഹൃദയങ്ങൾ ചുംബിച്ചു.
പാർക്കിലെ ബെഞ്ചിൽ
പറുദീസയിലെ പ്രാവുകളായി ഞങ്ങൾ..
രണ്ടു കൃഷ്ണമണികളിൽ
സ്വപ്നങ്ങളുടെ
കടൽ കാക്കകൾ വിരുന്നു വന്നു.

ദിനങ്ങൾ കൊഴിയുന്നു.
മുന്നിൽ ജീവിതത്തിന്റെ മഹാസമുദ്രതീരം ..
ഗതി തേടിയുള്ള അലച്ചിലുകൾ.
അവളെ നെഞ്ചോടു തുന്നുവാൻ
വിധിയുടെ സൂചി തിരയുന്നു ഞാൻ..

എന്നാൽ
എസ് എസ് എൽ സി ബുക്കിൽ കൃഷ്ണനും ക്രിസ്തുവും..
റേഷൻ കാർഡുകളിൽ
മഞ്ഞയും വെള്ളയും..

പുരോഗമനവാദി
അച്ഛന്റെ കൈയിൽ കയർ.
മൂന്നു നേരം
മതേതരത്വം വിളമ്പാറുള്ള
അമ്മയോ
ഭീഷണിയുടെ കിണർ വക്കിൽ.
ഏട്ടന്റെ കൈയിലെ വാക്കത്തിയിൽ
തറവാട്ട് മഹിമയുടെ മൂർച്ച ..
ചാർച്ചക്കാരുടെ നാവിൽ
ചവർപ്പിന്റെ കുടുംബ സ്നേഹം..

പൊട്ടലുകളും
ചീറ്റലുകളും
മോഹഭിത്തിയിൽ
വിള്ളലുകളാകുന്നു..

ഒടുവിൽ
അടക്കിപ്പിടിച്ച തേങ്ങലുകളിൽ
അടുത്ത ജന്മം
ഒന്നിക്കാമെന്ന
കണ്ണീർവാചകങ്ങൾ കുതിരുന്നു….

നഗരത്തിലെ ഏതോ ലോഡ്ജ് മുറി..
ഒരു കുപ്പി വിഷം.
ആംബുലൻസ്.
വീട്.
കൂട്ടക്കരച്ചിൽ.
വെള്ള പുതച്ച രണ്ടു ശരീരങ്ങൾ..

ശവക്കല്ലറയ്ക്കുമേൽ
കരിഞ്ഞ റോസാപ്പൂക്കൾ..

ഇടവഴിയിലെ സായാഹ്നങ്ങളിൽ
തനിച്ചായ ആ പഴയ ചെമ്പകം..
ചോട്ടിൽ രണ്ടു കറുത്ത നിഴൽപ്പാടുകൾ..
അതിലൊന്ന് നീ..
ഇനിയൊന്നു ഞാൻ..

അതിന്റെ ചില്ലകളിൽ നമ്മൾ
പുനർജനിക്കുകയായി
വറ്റാത്ത
പ്രണയ ചുണ്ടുകളുള്ള
രണ്ട് ചെമ്പകപ്പൂക്കളായി ..
ജിബിൽ(കർണൻ)

By ivayana