ചെമ്പകം പൂക്കുമ്പോൾ, Part 15

Valappottukal
ചെമ്പകം പൂക്കുമ്പോൾ, Part 15

"ഡാ നീ എന്താ ഈ പറയുന്നേ??ഒളിച്ചോടാനോ  ??അതൊന്നും ശരി ആകില്ല".....,നിഹാൽ പറഞ്ഞു

"എന്നാൽ ശരി തട്ടി കൊണ്ട് വരാം... "

"ഒന്ന് പോയെടാ... ഇതെന്താ കുട്ടി കളി ആണോ"??

"അപ്പോ നിനക്ക് അറിയാല്ലോ ഇത് കുട്ടി കളി അല്ലെന്നു... പിന്നെ നീ ഇപ്പോ ഈ മൂക്കേ  മുഹൂർത്തത്തിൽ അവളെ നിനക്ക് വേണം എന്ന് പറഞ്ഞാൽ ഞാൻ എന്താ ചെയ്യണ്ടത്"??

"എടാ... വേറെ ഒരു വഴിയും ഇല്ലേ"??...നിഹാൽ ദയനീയം ആയി ഫൈസിയെ നോക്കി.

"ഉണ്ട്... നാളെ കഴിഞ്ഞു കിങ്ങിണിയുടെ കല്യാണം. അത് കഴിഞ്ഞു ഒരു 4കൊല്ലം കഴിയുമ്പോൾ അവൾക്ക് ഒരു കൊച്ചു ഉണ്ടാകും അതിന് നിന്റെ പേര് ഇടാം... നീ ഇങ്ങനെ നിന്നു പോകുകയേ ഉള്ളു ... ഇതല്ലാതെ വേറെ ഒരു മാർഗവും ഞാൻ നോക്കിയിട്ട് കാണുന്നില്ല... ".....ഫൈസൽ പറഞ്ഞത് കേട്ട് നിഹാൽ കുറച്ച് നേരം മിണ്ടാതെ ഇരുന്നു. സംഗതി വർക്ക്‌ ഔട്ട്‌ ആകുന്നുണ്ടോ എന്ന് അറിയാൻ ഫൈസൽ ഇടയ്ക്ക് ഇടയ്ക്ക് നിഹാലിനെ ഒളി കണ്ണിട്ട് നോക്കുന്നുണ്ട്.

"ഡാ... നീ പറഞ്ഞത് ഒക്കെ.. പക്ഷെ എങ്ങോട്ട് ഓടും"??,

"ഓ പിന്നെ ഒളിച്ചോടാൻ പോകുന്നവർ എല്ലാം ട്രാക്കും  വരച്ചു ഫിനിഷിങ് പോയിന്റും  സ്റ്റാർട്ടിങ് പോയിന്റും  നോക്കി അല്ലേ ഓടുന്നെ... അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. ഇപ്പോൾ പോയാൽ ഒരു അർദ്ധ രാത്രിയോടെ  കിങ്ങിണിയുടെ അടുത്ത് എത്താം.അവളെ നമുക്ക് ചാടിച്ചു കൊണ്ട് വരാം"......

"എങ്കിൽ നമുക്ക് പോകാം.. ഇനി വേറെ ഒന്നും ആലോചിക്കേണ്ട.. ഞാൻ നോക്കിയിട്ട് നീ പറഞ്ഞ  ഈ ഒരു വഴിയേ കാണുന്നുള്ളൂ.അവളെ അങ്ങനെ മറ്റാരും കെട്ടണ്ട... "

"Well done my dragon boy well done...അപ്പോ നീ നിന്റെ ഡ്രസ്സ്‌ എല്ലാം എടുത്തു വെക്കൂ... "

"അതെന്തിനാ"??

"പിന്നെ ഡ്രസ്സ്‌ ഉടുക്കാതെ നീ ജീവിക്കുവോ ??"

"അഹ്... "...നിഹാൽ അവന്റെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു ബാഗിൽ വെച്ചു. ഫൈസി കട്ടിലിൽ ഇരുന്നു വായുവിൽ കൈ കൊണ്ട്  ഓരോന്നൊക്കെ കൂട്ടിയും കിഴിച്ചും ഇരുന്നു. നിഹാൽ പതുക്കെ ഫൈസിയുടെ  ചെവിയിൽ പറഞ്ഞു

"ഡാ നമുക്ക് പോകാം".....

"അയ്യോ ന്റെ അള്ളോ....സെയ്താൻ "...ഫൈസി കട്ടിലിൽ നിന്ന് ചാടി എണീറ്റു.

"ഡാ... തെണ്ടി ഒച്ച വെക്കാതെ ഇത് ഞാനാ... "

"നീ എന്താ ഈ മങ്കി cap എല്ലാം ഇട്ട്"??

"ആളെ മനസ്സിലാകാതെ ഇരിക്കാൻ"...

"അഹ്.. ഇപ്പോ ഞാൻ ആളെ മനസ്സിലാകാതെ പേടിച്ചു ചത്തേനെ... "

"കിന്നാരം പറഞ്ഞു നിൽക്കാതെ വാടാ... ബിരിയാണി ചെമ്പിന്  ഉണ്ടായവനെ .... "...നിഹാൽ ഫൈസിയുടെ  വായ പൊത്തി പിടിച്ചു അവനെ വലിച്ച് കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്കു ഇറങ്ങി.മുറിയുടെ പുറത്ത് ഒന്നും ആരും ഇല്ലായിരുന്നു.  അവർ എങ്ങനെയോ പമ്മി പരുങ്ങി കാറിന്റെ അടുത്ത് വരെ  എത്തി.

"ഡാ സത്യത്തിൽ നീ എത്ര പ്രാവശ്യം മതില് ചാടിയിട്ട് ഉണ്ട്"??....ഫൈസി നിഹാലിനെ സൂക്ഷിച്ചു നോക്കി.

"അതെന്താ നീ അങ്ങനെ ചോദിച്ചേ"??

"അല്ല... നിന്റെ ഈ പരുങ്ങലും  പമ്മലും  കാണുമ്പോൾ എനിക്കൊരു ഡൌട്ട്... "

"ഇത് എന്റെ ആദ്യത്തെ മതില് ചാട്ടമാ ... "

"മ്മ്... ഇവിടെ നിന്നും ഓരോ ചുവടും സൂക്ഷിച്ചു വേണം നമുക്ക് മുന്നോട്ട് പോകാൻ... Now we are starting the mission... "ഓപ്പറേഷൻ നിക്കി... "
"ഓപ്പറേഷൻ നക്കിയോ"??

"നക്കി അല്ലടാ പന്നി നിക്കി... നിഹാലിന്റെ നീ യും കിങ്ങിണിയുടെ കി യും... "

"നീ കൂടെ ഉണ്ടേൽ അത് നക്കി ആരിക്കും"...

"ദേ... മിണ്ടാതെ ഇരുന്നോണം. ഇവിടെ നിന്നും ഉള്ള ഓരോ മൂവേമെന്റ് ഉം ഇനി സൂക്ഷിച്ചു ആയിരിക്കണം... Do you get that ക്യാപ്റ്റൻ നിഹാൽ വർമ... "??

"ഓഹ്.. Got it... "

"Yeah... Come on man ... ".. ഫൈസൽ ഒരു ജാക്കറ്റും എടുത്തു ഇട്ടു കയ്യിൽ ഗ്ലവുസും  ഇട്ടു ചുയിങ്ങവും  ചവച്ചു റോബിൻ ഹുടും  കളിച്ച് പോകുന്ന ഫൈസലിനെ നോക്കി നിഹാൽ പ്രാർഥിച്ചു.

"ഈശ്വര ഒരു പെണ്ണിനേയും കൊണ്ട് ഒളിച്ചോടാനാ  പോകുന്നെ ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ അല്ല പോകുന്നെ ലവനെ നീ തന്നെ കാത്തോളണേ"....

"ഡാ... മാനത്തു നോക്കി നിൽക്കാതെ വന്നു കേറെടാ ... "... ഫൈസി കാർ എടുത്തു കൊണ്ട് വന്നു പറഞ്ഞു. നിഹാൽ ഓടി ചെന്ന് കാറിൽ കയറി.

''വണ്ടി വിട്ടോ അളിയാ... "

"ഏറ്റൂ മോനെ... "... ഫൈസി കാർ ചവിട്ടി വിട്ടു.

"ഡാ അവളുടെ വീട്ടിൽ പട്ടി ഉണ്ടോ"??...

"ഭാഗ്യത്തിന് അത് മാത്രം ഇല്ലാ... പക്ഷെ കുട്ടി ഉണ്ട്... "

"ഏത് കുട്ടി"??

"ശങ്കരൻ കുട്ടി, കൃഷ്ണൻ കുട്ടി, ശേഖരൻ കുട്ടി, നാരായണൻ കുട്ടി... "

"ഇതൊക്കെ കുട്ടികൾ ആണോ"??

"അല്ല... പട്ടിയുടെ സ്വഭാവം ഉള്ള അവളുടെ അമ്മാവന്മാര ... കുറെ പൊണ്ണത്തടിയന്മാർ... .. തലയിൽ ആൾതാമസം കുറവാ... അത് പേടിക്കണ്ട സെറ്റ് ആക്കാം"..

"മ്മ്... "

"നീ വേണെങ്കിൽ ഒന്ന് മയങ്ങിക്കോ ...ഞാൻ അവിടെ എത്തുമ്പോൾ വിളിക്കാം "....

"ഓ വേണ്ടടാ... ഉറക്കം ഒന്നും വരില്ല.. "...

"മ്മ്... മ്മ്... സ്വപ്നം കാണാൻ ഉള്ള പ്ലാൻ ആണല്ലേ നടക്കട്ടെ നടക്കട്ടെ"...നിഹാൽ ഒന്ന് പുഞ്ചിരിച്ചു.

അങ്ങനെ കിങ്ങിണിയും ആയുള്ള ഒളിച്ചോട്ടത്തിനു  കച്ച മുറുക്കി ഇറങ്ങി നിഹാലും ഫൈസലും... ഇനി ബാക്കി സ്‌ക്രീനിൽ കാണാം.....

*******************

ചിത്തിരപുരം വീട് രാത്രി 12മണി....

നിഹാലും ഫൈസലും ഏകദേശം അർദ്ധ രാത്രിയോടെ തന്നെ ചിത്തിരപുരം വീട്ടിൽ എത്തി.

"ഡാ അവളുടെ വീട് അതാ... കാർ നമുക്ക് ഇവിടെ ഇടാം എന്നിട്ട് പരിസരം എല്ലാം ഒന്ന് നോക്കി വരാം... "... ഫൈസൽ അതും പറഞ്ഞു കാർ ഓഫ്‌ ചെയ്തു. അവർ രണ്ടും കാറിനു വെളിയിൽ ഇറങ്ങി. നിഹാൽ ചുറ്റും നോക്കി റോഡിൽ ചെറിയ ഒരു നിലാ വെളിച്ചം മാത്രേ ഉള്ളു.

"ഡാ... വായിൽ നോക്കി നിൽക്കാതെ വാ... "... നിഹാൽ ഫൈസലിനെ വിളിച്ചു.

"ഏയ് നിക്ക് നിക്ക്.. നിക്ക്... "

"എന്താടാ "??

"ചെരുപ്പ് ഊര് ഇല്ലങ്കിൽ സൗണ്ട് കേൾക്കും"... ഫൈസൽ പതുക്കെ പറഞ്ഞു.

"ഓഹ്... ശരി...നിനക്ക് ഇതിലൊക്കെ നല്ല എക്സ്പീരിയൻസ് ആണല്ലേ!! "...

"അതേടാ... ദിവസവും ഞാൻ ഓരോ പെൺപിള്ളേരെ മതില് ചാടിക്കാൻ  നടക്കുക ആണല്ലോ... മിണ്ടാതെ വാടാ കുറുനരി"... അവർ രണ്ടും ചെരുപ്പ് ഊരി ഇട്ടു വീടിന്റെ ഫ്രണ്ടിൽ എത്തി.

"ശരിക്കും നോക്കി കണ്ടോ നിന്റെ ഭാര്യ വീട് ഇനി കാണാൻ പറ്റിയില്ലങ്കിലോ!!... ".. ഫൈസി നിഹാലിനോട് പറഞ്ഞു.

"പിന്നെ വീടിന്റെ ഭംഗി നോക്കാൻ ആണല്ലോ നമ്മൾ വന്നത്... കൂടുതൽ നൃത്തം ചവിട്ടാതെ കിങ്ങിണിയുടെ മുറി ഏതാണ് എന്ന് പറ... "

"ദാ... ആ കാണുന്ന മുറിയാ... "... ഫൈസൽ മുകളിലെ നിലയിലെ ജനൽ തുറന്നിട്ട മുറിയിലേക്ക് കൈ ചൂണ്ടി.

"ഈയ്യോ... ഇതിപ്പോ എങ്ങനെ അവിടെ കയറും"??

"ഏണി വല്ലതും നോക്കണം... "

"പോടാ അത്രയും നീളം ഉള്ള ഏണി എവിടെ കിട്ടാനാ... "

"മ്മ്... ശരി ആണല്ലോ... "... ഫൈസൽ പതുക്കെ വീടിന്റെ ഉമ്മറത്തേക്ക് കയറി. അറിയാതെ അവൻ വാതിലിൽ പോയി തട്ടി.

"എടാ നാശം പിടിച്ചവനെ... കൊല്ലും നിന്നെ ഞാൻ ഇന്ന്... "... നിഹാൽ കയ്യിൽ കിട്ടിയ ഉരുളൻ കല്ല് എടുത്തു ഓങ്ങി കൊണ്ട് പറഞ്ഞു.

"പിന്നെ അകത്തു കയറണ്ടേ ... "!!

"ഹോ നിന്നെ ഇന്ന് ഞാൻ... "... നിഹാൽ ഫൈസലിന്റെ വാ പൊത്തി പിടിച്ചു കുറച്ച് മാറി നിന്നു. പെട്ടെന്ന് ആരോ കതക് തുറന്നു പുറത്തേക്കു ഇറങ്ങി.

"അത് കിങ്ങിണിയുടെ അമ്മാവനാ ...മൂത്രം ഒഴിക്കാൻ ഇറങ്ങിയത് ആണെന്ന് തോന്നുന്നു . രാത്രിയിൽ കണ്ണ് കാണില്ല.. വാ പോകാം... "... ഫൈസൽ പറഞ്ഞു. അവർ രണ്ടാളും കൂടെ അകത്തേക്ക് കയറി.

"ഇതെന്താ ഡാ മത്തി വറുക്കാൻ ഇട്ടേക്കുന്നോ "??.....അടുക്കി അടുക്കി കിടക്കുന്ന മനുഷ്യന്മാരെ  കണ്ടു  നിഹാൽ തലയിൽ കൈ വെച്ചു ചോദിച്ചു.

"ഡാ...അതിലെ പോകണ്ട വിശന്നിട്ടു ഞണ്ട് ഫ്രൈ ആണെന്ന് കരുതി അവർ ചിലപ്പോൾ നിന്നെ തിന്നും.  വാ ഇതിലെ പോകാം"...നിഹാലും ഫൈസലും കൂടെ നടുമുറ്റത്ത്  കൂടെ ഇറങ്ങി പതുക്കെ കിങ്ങിണിയുടെ മുറിയിലേക്ക് ഉള്ള കോണിപ്പടികൾ ചവിട്ടി മുകളിലേക്ക് കയറി.

"ഡാ വിളിക്കു....ഞാൻ ഇവിടെ നിന്ന് ആരേലും വരുന്നുണ്ടോ എന്ന് നോക്കാം. നീ അകത്തു കയറി കാര്യം പറ... . "

"അവൾ തുറക്കുവോ "??

"അത് വിളിച്ചാൽ അല്ലേ അറിയൂ"... ഫൈസൽ പറഞ്ഞു.

നിഹാൽ പതുക്കെ കിങ്ങിണിയുടെ വാതിലിൽ തട്ടി വിളിച്ചു.

"കിങ്ങിണി... കിങ്ങിണി... വാതിൽ തുറക്ക്.. ഞാൻ നിഹലാ ... "... കുറച്ച് നേരം തട്ടി വിളിച്ചതിനു ശേഷം ആണ് കിങ്ങിണി വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. അവൾ പതുക്കെ എഴുന്നേറ്റു വന്നു വാതിൽ തുറന്നു.

"നിഹാൽ ഏട്ടാ... ".. കിങ്ങിണിയുടെ കണ്ണുകളിൽ  ആശ്ചര്യവും ഞെട്ടലും  പ്രകടം ആയിരുന്നു.

"മിണ്ടരുത്... ".. എന്ന് പറഞ്ഞു അവൻ അവളുടെ വാ പൊത്തി കൊണ്ട് അകത്തേക്ക് കയറി. നിഹാൽ വാതിൽ ചാരി അടച്ചു.

"എന്താ ഈ കാണിക്കുന്നേ ??എന്താ ഈ രാത്രിയിൽ"??..കിങ്ങിണി ആദിയോടെ ചോദിച്ചു. കിങ്ങിണി ഒട്ടും പ്രതീക്ഷിക്കാതെ നിഹാൽ അവളെ വട്ടം ചുറ്റി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

"വയ്യ... നിന്നെ വേറെ ഒരാൾക്ക് വിട്ട് കൊടുക്കാൻ എനിക്ക് വയ്യ...മോളെ  എനിക്ക് വേണം നിന്നെ... ഈ ജന്മം മുഴുവൻ.... "നിഹാൽ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു. കിങ്ങിണിയുടെ  മിഴികൾ ഈറൻ അണിഞ്ഞു. അവൾ ഒരു തേങ്ങലോടെ നിഹാലിന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. നിഹാൽ അവളെ തന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ചു നിന്നു.

"നീ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യ്... നമുക്ക് പോകാം... ഏതേലും നാട്ടിൽ പോയി എന്തേലും ജോലി ചെയ്തു ഞാൻ നിന്നെ നോക്കിക്കോളാം... എനിക്ക് നീ ഇല്ലാണ്ട് പറ്റില്ല... മോളെ... "....നിഹാലിന്റെ വിറയ്ക്കുന്ന അധരങ്ങൾ കിങ്ങിണിയുടെ നെറ്റിയിലും കഴുത്തിലും കവിളിലും എല്ലാം ഒഴുകി നടന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ കിങ്ങിണി അവനിൽ നിന്നും അടർന്നു മാറി.

"നിഹാൽ ഏട്ടൻ എന്താ ഈ പറയുന്നേ ??നാളെ കഴിഞ്ഞു എന്റെ കല്യാണമാ... ഞാൻ എങ്ങനെ ഇറങ്ങി വരും"??

"നാളെ കഴിഞ്ഞു എന്റെയും വിവാഹമാ ... ഞാൻ വന്നില്ലേ നിനക്ക് വേണ്ടി... "...

''എനിക്ക് വേണ്ടി വരുക ആയിരുന്നു എങ്കിൽ ഇപ്പോൾ ഒരു കള്ളനെ പോലെ പരുങ്ങി ആയിരുന്നില്ല വരേണ്ടി ഇരുന്നത് !! ചങ്കൂറ്റത്തോടെ പെണ്ണ് ചോദിക്കാൻ ആയിരുന്നു വരേണ്ടത്... ഇതിപ്പോ ഞാൻ ഇറങ്ങി വന്നിട്ട് എന്ത് കാര്യം ??കുറെ പേരുടെ ശാപവും  കണ്ണീരും ഏറ്റു വാങ്ങാം... എന്ന് അല്ലാതെ"...കിങ്ങിണി കരഞ്ഞു കൊണ്ട് നിഹാലിനോട് ചോദിച്ചു.

"എനിക്ക് അതൊന്നും അറിയണ്ട എനിക്ക് നീ ഇല്ലാതെ പറ്റില്ല... "

"വെറും രണ്ടോ മൂന്നോ ആഴ്ച മാത്രം പരിചയം ഉള്ള ഞാൻ ഇല്ലാതെ ഏട്ടന് പറ്റില്ല എങ്കിൽ 19വർഷം വളർത്തി വലുതാക്കിയ അച്ഛന്റെയും അമ്മയുടെയും മുഖത്ത് കരി വാരി തേച്ചു ഇറങ്ങി വരാൻ എനിക്ക് ആവില്ല"....

"അപ്പോ നിന്റെ സ്നേഹം വെറുതെ ആയിരുന്നു അല്ലേ"??...നിഹാൽ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.

"അല്ല... അന്ന് ഉണ്ടായിരുന്ന സ്നേഹം അതേ പോലെ ഇപ്പോഴും എനിക്ക് ഉണ്ട്.... പക്ഷെ, ഏട്ടന്റെ ഈ തീരുമാനം അംഗീകരിക്കാൻ എനിക്ക് കഴിയില്ല. ജന്മം തന്നവരെയും  മറ്റുള്ളവരെയും ഒന്നും അറിയാതെ  എന്നെ താലി കെട്ടാൻ കാത്തിരിക്കുന്ന ഒരു ചെറുപ്പക്കാരനെയും വേദനിപ്പിച്ചു ഞാൻ ഇറങ്ങി വരില്ല. നാളെ കഴിഞ്ഞു ഏട്ടന്റെ താലി കഴുത്തിൽ കയറും എന്ന് വിശ്വസിച്ചു  ഇരിക്കുന്ന ആ പെണ്ണിന്റെ ശാപം തലയിൽ കയറ്റാൻ എനിക്ക് ആകില്ല.... "...കിങ്ങിണി കരഞ്ഞു കൊണ്ട് പറഞ്ഞു.

നിഹാൽ ഒന്നും മിണ്ടിയില്ല കുറച്ച് നേരം.

"നിനക്ക് പ്രായവും പക്വതയും ഇല്ലാ എന്ന് ഞാൻ കരുതി. പക്ഷെ നീ എന്റെ വിചാരങ്ങൾക്കും  അപ്പുറം ആണ്. Wish you a happy married life...ഇനി നിഹാലിന്റെ ജീവിതത്തിൽ കിങ്ങിണി ഇല്ലാ... "...ഉറച്ച സ്വരത്തോടെ നിഹാൽ അതും പറഞ്ഞ് കഴുത്തിൽ കൊളുത്തി ഇട്ട കിങ്ങിണിയുടെ മാല ഊരി അവളുടെ കയ്യിൽ വെച്ചു  കൊടുത്തു. എന്നിട്ട് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോയി. കിങ്ങിണിയുടെ മുറിയുടെ വാതിൽ നിഹാലിന്റെ മുൻപിൽ കൊട്ടി അടഞ്ഞു.ഒരു നേർത്ത നിലവിളിയോടെ കിങ്ങിണി നിലത്തേക്ക് ഇരുന്നു മുഖം പൊത്തി കരഞ്ഞു.

"എന്താടാ ??എന്ത് പറ്റി"??... ഫൈസൽ അവനോടു ചോദിച്ചു

"വന്നില്ല... വരില്ല അവൾ... ഞാൻ വെറും വിഡ്ഢി"...

"ഡാ ഞാൻ സംസാരിക്കാം... "

"വേണ്ടാ ഫൈസി അവൾ പറഞ്ഞത് തന്നെയാ ശരി എന്തിനാ വെറുതെ എല്ലാവരുടെയും ശാപം വാങ്ങി വെക്കുന്നെ ???മാത്രവുമല്ല അവൾ ഇറങ്ങി വരുമോ എന്ന് കൂടെ നമ്മൾ ചിന്തിക്കണമായിരുന്നു. അവൾ ഇനി എന്റെ ജീവിതത്തിൽ ഇല്ലാ. പക്ഷെ അവൾക്ക് എന്നും നല്ലൊരു സ്ഥാനം എന്റെ മനസ്സിൽ ഉണ്ടാകും. നമുക്ക് പോകാം"... നിഹാൽ മുഖം ശരിക്കൊന്ന് തിരുമി. ഫൈസലിനെ നോക്കി കൃത്രിമമായ ഒരു പുഞ്ചിരി നൽകി അവൻ താഴേക്കു ഇറങ്ങി. ഫൈസൽ കിങ്ങിണിയുടെ മുറിയുടെ വാതിലിലേക്ക് ഒന്ന് പാളി  നോക്കി.അടക്കി പിടിച്ച കിങ്ങിണിയുടെ കരച്ചിൽ അവനും കേട്ടില്ല.  ഫൈസലും  നിഹാലിന് പുറകെ താഴേക്കു ഇറങ്ങി.

നടന്നു നടന്നു ഗേറ്റിന്റെ മുന്നിൽ  എത്തിയപ്പോൾ നിഹാൽ ഒന്ന് തിരിഞ്ഞു നോക്കി. ജനൽ കമ്പികളിൽ  കൈ പിടിച്ചു കിങ്ങിണി അവനെ നോക്കി നിന്നു. ദൂരെ നിലാ വെളിച്ചത്തിൽ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവനും യാത്രയായി.

"ഡാ... നീ വണ്ടി ഓടിക്കാമോ ??എനിക്ക് നല്ല ക്ഷീണം തോന്നുന്നു".... നിഹാൽ പറഞ്ഞപ്പോൾ ഫൈസൽ ചാവി മേടിച്ചു. കാർ മുന്നോട്ട് എടുത്തു.

കിങ്ങിണി അവർ പോകും വരെ അവിടെ തന്നെ നിന്നു. നിശബ്ദമായ കണ്ണീർ അവളുടെ കവിളുകൾ നനച്ചു കൊണ്ടിരുന്നു. നിഹാലും ഫൈസലും ഹോട്ടലിലേക്ക് തിരിച്ചു പോയി.

*********************-***-**

പിറ്റേന്ന് ആയിരുന്നു കിങ്ങിണിയുടെ മൈലാഞ്ചി ഇടീൽ ചടങ്ങ്. സെറ്റും മുണ്ടും ഉടുത്തു ഐശ്വര്യവതിയായി തന്നെ അവൾ തിളങ്ങി നിന്നു. പക്ഷേ ആ മുഖത്ത് ചിരിയുടെ തിളക്കമോ കല്യാണപ്പെണ്ണിന്റെ  നാണമോ ഒന്നും ഉണ്ടായില്ല.

സന്ധ്യ ആയപ്പോൾ അമ്മ വിളക്ക് വെച്ചു. കിങ്ങിണിയെ എല്ലാവരും കൂടെ നിലത്തു വിരിച്ച പുൽപ്പായയിൽ  കൊണ്ട് പോയി ഇരുത്തി. അവളുടെ ഇടവും വലവും മേഘയും പാത്തുവും ഉണ്ടായിരുന്നു എപ്പോഴും. ഒരു പത്രത്തിൽ മൈലാഞ്ചിയും വെറ്റിലയും ഒരു ചെറിയ പത്രത്തിൽ മാതള  നാരങ്ങയും അമ്മയും ചെറിയമ്മയും ചേർന്ന്  പൊട്ടിച്ചു വെച്ചു. വെറ്റില എടുത്തു കയ്യിൽ വെച്ചു അതിൽ ആണ് എല്ലാവരും മൈലാഞ്ചി ഇട്ടത്. പോകും മുൻപ് വധുവിന് മാതള  നാരങ്ങ വായിൽ മധുരം ആയി കൊടുക്കുകയും ചെയ്തു.ഫോട്ടോ എടുക്കലും സദ്യയും എല്ലാം തന്നെ കേമമായി നടന്നു. ശ്യാം ഏട്ടനും അച്ഛനും ചെറിയച്ഛനും ഓടി നടന്നു എല്ലാവരെയും സല്കരിക്കാൻ. 

ചടങ്ങുകൾ എല്ലാം കഴിഞ്ഞു കിങ്ങിണി കുളിച്ചു വന്നു കിടന്നു. ഉള്ളു വല്ലാതെ വിങ്ങുന്നത്  അവൾ അറിഞ്ഞു. ഉറക്കം വരാതെ സ്വന്തം വീട്ടിലെ അവസാന രാത്രിയും അവളെ കടന്ന് പോയി.. നാളെ മറ്റൊരു വീട്ടിലെ മറ്റൊരു കിടപ്പറയിൽ ഒരു ബന്ധവും ഇല്ലാത്ത ഒരാളുടെ കൂടെയുള്ള രാത്രിയിൽ ആയിരിക്കും താൻ എന്ന ബോധ്യത്തോടെ.

************************

പിറ്റേന്ന് ആയിരുന്നു കല്യാണം....

"ദേ സമയം ആയി കേട്ടോ... ഇപ്പോൾ പുറപ്പെട്ടാൽ മാത്രേ 9.30ആകുമ്പോൾ എങ്കിലും അവിടെ എത്തൂ... "..ലാലിന്റെ അച്ഛൻ എല്ലാവരെയും വണ്ടിയിൽ കയറ്റുന്ന തിരക്കിൽ ആയിരുന്നു.

ഏട്ടത്തിമാരും ഏട്ടന്മാരും എടുത്തു കൊടുത്ത സ്വർണ കരയുള്ള കസവ് മുണ്ടിലും ജുബ്ബയിലും നിഹാൽ തിളങ്ങി നിന്നു. ഉള്ളിൽ ഒരു നെരിപ്പോട് കത്തി അമരുന്നത് മറച്ചു പിടിച്ചു കൊണ്ട് നിഹാൽ മുഖത്ത് ചിരി വരുത്തി നിന്നു.എല്ലാവരുടെയും ഒപ്പം  അവർ അമ്പലത്തിലേക്ക് പുറപ്പെട്ടു.

ഏകദേശം 9.30യോടെ തന്നെ അവർ അമ്പലത്തിൽ എത്തി..... വലിയ ഒരു ക്ഷേത്രം തന്നെ ആണ് മഹാ വിഷ്ണു ആണ് അവിടുത്തെ പ്രതിഷ്ഠ... നിഹാലും വീട്ടുകാരും അമ്പലത്തിൽ പോയി പ്രാർഥിച്ചു വന്നു. പെണ്ണിന്റെ ആളുകൾ വന്നു നിഹാലിനെ സ്വീകരിച്ചു. അവർ അവനെ മണ്ഡപത്തിലേക്ക് ആനയിച്ചു.

നിഹാൽ മണ്ഡപത്തിൽ കയറി ഇരിക്കുന്നതിന് മുൻപ് സദസ്സിനെ തൊഴുതു അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം മേടിച്ചു. അവൻ പീഡത്തിൽ ഇരുന്നു. എന്തൊക്കെയോ പ്രാർഥനകൾ തിരുമേനി പ്രാർഥിച്ചു കൊണ്ടിരുന്നു.

"കിങ്ങിണിയുടെ കല്യാണവും കഴിഞ്ഞു കാണും"...നിഹാൽ വേദനയോടെ ഒരു നിമിഷം  ഓർത്തു പോയി.

''കുട്ടിയെ വിളിച്ചോളൂ..
മുഹൂർത്തം ആകാറായി".....തിരുമേനി പറഞ്ഞപ്പോൾ ആരെക്കെയോ  പെണ്ണിനെ വിളിക്കാൻ താലവും കയ്യിൽ പിടിച്ചു പോകുന്നത് നിഹാൽ കണ്ടു. അവന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.

ഫൈസിയെ അവിടെ ഒന്നും നോക്കിയിട്ട് നിഹാൽ കണ്ടില്ല. എല്ലാവരുടെയും ശ്രെദ്ധ തന്നിൽ  ആണെന്ന് മനസ്സിലായപ്പോൾ നിഹാൽ മുഖം കുനിച്ചു വെച്ച് ഇരുന്നു.

പീകോക്ക്  ബ്ലൂ സിമ്പിൾ പട്ടുസാരിയിൽ  സാരീയിൽ കല്യാണപ്പെണ്ണ് മിന്നി തിളങ്ങി നിന്നു. മിതമായ മേക്കപ്പ് ഉം മിതമായ പരമ്പരാഗത  ആഭരണങ്ങളും  അണിഞ്ഞു കയ്യിൽ താലവും ഏന്തി കുട്ടികളുടെ ഒപ്പം വധു മണ്ഡപത്തിലേക്ക് കയറി. താലവും  പിടിച്ചു മൂന്ന് വട്ടം മണ്ഡപത്തെ  വലം വെച്ചു.താലം  കൃഷ്ണന്റെ വിഗ്രഹത്തിനു മുൻപിൽ സമർപ്പിച്ചു സദസ്സിനെ തൊഴുതു. തിരുമേനി കാണിച്ചു കൊടുത്ത വരന്റെ വാമഭാഗത്തു  വധു ഇരുന്നു. രണ്ടാളും പരസ്പരം നോക്കിയില്ല. തിരുമേനി കൊടുത്ത പൂക്കളും തീർത്ഥവും  വാങ്ങി അവർ പ്രാർഥിച്ചു. മഞ്ഞളിൽ മുക്കിയ നിഹാൽ എന്ന് പേര് എഴുതിയ ആലില താലി തിരുമേനി എടുത്തു നിഹാലിന്റെ കയ്യിൽ കൊടുത്തു. നിഹാൽ ആ താലിയിൽ ഒന്ന് സൂക്ഷിച്ചു നോക്കി. അവൻ വിറയ്ക്കുന്ന കൈകളോടെ താലി വാങ്ങി. അവന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി ഹൃദയ താളം വേഗത്തിൽ ആയി. വിറച്ചു കൊണ്ട് അവൻ കൈകൾ ഉയർത്തി ആ താലി വധുവിന്റെ കഴുത്തിൽ കണ്ണടച്ച് കെട്ടാൻ തുടങ്ങിയതും പെട്ടെന്ന് ഒരു വിളി വന്നു.

"മക്കളെ ലാലേ... പെണ്ണ് ശ്രീ നന്ദ  ആണോ അതോ ചഞ്ചല ആണോ എന്ന് ഒന്ന് കണ്ണ് തുറന്നു നോക്കിക്കേ"......നിഹാലിന്റെ അച്ഛന്റെ വിളി കേട്ടു അവൻ കണ്ണ് തുറന്നു നോക്കി.

നീല സാരിയിൽ  തല നിറയെ കുടമുല്ല പൂക്കൾ ചൂടി സർവ്വാഭരണ  വിഭൂഷിതയായി കല്യാണപ്പെണ്ണ് ചമഞ്ഞു  നിഹാലിന്റെ കണ്ണുകളിലേക്ക് നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നിറഞ്ഞ സന്തോഷത്തോടെ  അവനെ നോക്കി ഇരിക്കുന്ന കിങ്ങിണി.

ഒരു നിമിഷം അവർ രണ്ടാളും ഒന്ന് പകച്ചു.

"ഇക്കാക്ക... നിഹാൽ ഏട്ടന്റെ കല്യാണത്തിന് പോയില്ലേ"??...പുറത്ത് കൂടെ കറങ്ങി നടന്ന ഫൈസിയെ കണ്ടു കൊണ്ട് വന്ന പാത്തു ആശ്ചര്യത്തോടെ ചോദിച്ചു.

"അവന്റെ കല്യാണം ഇവിടെ വെച്ചാ... നീ എന്താ ഇവിടെ"??

"ഏഹ്... കിങ്ങിണിയുടെ കല്യാണം ഇവിടെ വെച്ച"...

"ഏഹ്"??,...അവർ രണ്ടാളും പരസ്പരം  ഞെട്ടി.ഒന്നും പിന്നെ ചിന്തിക്കാതെ  രണ്ടാളും മണ്ഡപത്തിലേക്ക് ഓടി.

"എന്താടാ പൊട്ട നോക്കി ഇരിക്കുന്നെ കെട്ടട... എന്റെ പെങ്ങടെ കഴുത്തിൽ താലി".... ഫൈസലിന്റെ കിതച്ചു കൊണ്ടുള്ള  അലർച്ച കേട്ടതും നിഹാൽ ഒന്നും നോക്കി ഇല്ലാ അവന്റെ പേര് എഴുതിയ ആലില താലി കിങ്ങിണിയുടെ കഴുത്തിൽ ചാർത്തി. ബന്ധുക്കളും കൂട്ടുകാരും വീട്ടുകാരും എല്ലാവരും അവരെ നിറഞ്ഞു അനുഗ്രഹിച്ചു. അവർക്ക് മേലെ പുഷ്പ വർഷം നടത്തി. നിഹാൽ ഒരു നുള്ള് കുങ്കുമം കിങ്ങിണിയുടെ സീമന്ത രേഖയിൽ നിറ പുഞ്ചിരിയോടെ വരച്ചു.അവളുടെ മുഖത്ത് അത്രയും നാൾ അണഞ്ഞു കിടന്നിരുന്ന പുഞ്ചിരി കൂടുതൽ ഭംഗിയോടെ തിരികെ വന്നു.  കിങ്ങിണിയുടെ അച്ഛൻ മുറ പ്രകാരം കിങ്ങിണിയെ മനസ്സ് അറിഞ്ഞു തന്നെ നിഹാലിന് അനുഗ്രഹിച്ചു നൽകി.

"ഈ ലോകത്ത് മറ്റു എവിടെ കിട്ടുന്നതിനേക്കാൾ  സുരക്ഷ എന്റെ മോൾക്ക്‌ നിഹാലിന്റെ കൂടെ ഉള്ള ജീവിതത്തിൽ ഉണ്ടാകും"....കന്യാ ദാനം ചെയ്യുമ്പോൾ കൃഷ്ണ പ്രസാദിന്റെ മനസ്സ് നിറഞ്ഞു ആ കണ്ണ് കലങ്ങി. ശേഷം നിഹാൽ കിങ്ങിണിയുടെ കൈ പിടിച്ചു മണ്ഡപത്തെ  വലം വെച്ചു. അവർ രണ്ടാളും മാതാപിതാക്കന്മാരുടെയും  മറ്റുള്ളവരുടെയും അനുഗ്രഹം വാങ്ങി. അതിന് ശേഷം ആണ് തിരുമേനി പറഞ്ഞത്.

"ശ്രീ നന്ദയെയും ജഗത്തിനെയും  വിളിച്ചോളൂ.... "...ഒന്നും മനസ്സിലാകാതെ കിങ്ങിണിയും നിഹാലും നിന്നു.

"രണ്ടാളും പന്തം കണ്ട പെരുച്ചാഴികളെ പോലെ നിൽക്കണ്ട... ഇതിന്റെ ഇടയിൽ ഉണ്ടായ ട്വിസ്റ്റ്‌ എന്താണെന്നു അറിയാൻ വെമ്പി നിൽക്കുക അല്ലേ പറഞ്ഞ് തരാം"....വർമ്മ സാർ പറഞ്ഞു.

"അന്ന് സിങ്കപ്പൂർ ടൂർ പോകുന്നു എന്ന് പറഞ്ഞു  ഞാൻ പോയത് തൃപ്പൻകോട്ട് തിരുമേനിയെ കാണാൻ ആയിരുന്നു. ഒറ്റക്ക് വരണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ആരെയും കൂടെ കൂട്ടി ഇല്ലാ ഒന്നും പറഞ്ഞതും ഇല്ലാ. അവിടെ ഞാനും കൃഷ്ണ പ്രസാദും മേനോൻ സാറും ജഗത്തിന്റെ അച്ഛനും ഉണ്ടായിരുന്നു. ജഗത്തിന്റെ ജാതകം കുറെ കൂടെ നന്നായി ചേരുന്നത് ശ്രീ നന്ദക്കും നിന്റെ ജാതകം പൂർണമായും ചേരുന്നത് കിങ്ങിണി മോളുടെ കൂടെ ആണെന്നും തിരുമേനി പറഞ്ഞു. പെണ്ണിനേയും ചെറുക്കനെയും മാറ്റി തീരുമാനിക്കുന്നതിന് കുഴപ്പം ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു അന്ന് ഞങ്ങളെ വിളിച്ചത്. ആദ്യം ഒന്ന് എല്ലാവരും മടിച്ചു എങ്കിലും ചേരേണ്ടത്  തന്നെ ചേരട്ടെ എന്ന തീരുമാനം  എടുത്തു.വീട്ടിൽ വന്നു എല്ലാവരോടും കാര്യം പറഞ്ഞപ്പോൾ അവരും പറഞ്ഞു നിന്നോട് ഒന്നും പറയണ്ട എന്ന്. ചെറിയ രീതിയിൽ രണ്ടാളെയും ഒന്ന് പറ്റിക്കാൻ വേണ്ടിയാ ശ്രീ മോളെയും ജഗത് മോനെയും ഇതിന്റെ ഇടയിൽ കൊണ്ട് വന്നു കയറ്റിയത്.....അവർക്ക് രണ്ടാൾക്കും എല്ലാം അറിയാരുന്നു. ...ഞങളുടെ ഭാഗ്യത്തിന് നിങ്ങൾ  രണ്ടാളും കല്യാണ കുറി പോലും വായിച്ചു നോക്കിയില്ല... സോറി മക്കളെ.....വട്ടു കളിപ്പിച്ചതിന്"....അച്ഛൻ പറഞ്ഞു നിർത്തിയപ്പോൾ അവിടെ കൂട്ടച്ചിരി ഉയർന്നു.

"എന്നാലും കെട്ടാൻ പോകുന്ന പെണ്ണിനെയും കൊണ്ട് തന്നെ ഒളിച്ചോടാൻ നോക്കിയത് നീ മാത്രം ആയിരിക്കും മോനെ നിഹാലെ....എന്നാലും ഒളിച്ചോടി പോയിരുന്നു എങ്കിൽ എന്താകുമായിരുന്നു  അവസ്ഥ... ഇജ്ജാതി ട്വിസ്റ്റ്‌... ന്റെ പൊന്നോ ... "...ഫൈസി നിഹാലിന്റെ ചെവിയിൽ പറഞ്ഞു.
അവൻ കിങ്ങിണിയെ ഒന്നുടെ ചേർത്ത് പിടിച്ചു. മേഘ പൊട്ടി തെറിക്കും എന്ന് വിചാരിച്ച കിങ്ങിണി കണ്ടത് അടുത്ത ആളെ വായിനോക്കി നിൽക്കുന്ന മേഘയെ ആയിരുന്നു.

കാർമേഘം മൂടി നിന്ന കിങ്ങിണിയുടെ മുഖം മഴവില്ല് പോലെ മിന്നി തിളങ്ങുന്നത് കണ്ടു വെള്ളാരം കുന്നുകാരും  അച്ഛനും അമ്മയും എല്ലാവരും നിറ കണ്ണുകളോടെ നിന്നു. ഇപ്പോ നമ്മളും.

അപ്പോ കല്യാണം കഴിഞ്ഞു ചെറിയ ഒരു പാർട്ടോടു കൂടി ഈ നോവൽ നാളെ അവസാനിക്കുക ആണ് സൂർത്തുക്കളെ. അപ്പോ ചുമ്മാ വരുന്നവരും നോക്കി പോകുന്നവരും എല്ലാം ലൈക്ക് ഇനി അങ്ങ് വാരി വിതറിയാട്ടെ.....കഥ എഴുതുന്ന  ഞമ്മക്കും എന്തേലും എന്റർടൈൻമെന്റ് വേണ്ടേ !!

തുടരും

രചന അനു അനാമിക

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top